ഇതൊരു നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്.ഇതിന്‍റെ ഉള്ളടക്കം പൂര്‍ണ്ണമല്ല.ഉടന്‍ തന്നെ പൂര്‍ണ്ണമാവുന്നതാണ്.
ചരിത്രം


ചരിത്രം
സാമൂഹിക സാംസ്ക്കാരിക ചരിത്രം

എളേറ്റില്‍ പ്രദേശത്ത് ഇപ്പോഴും നിലവിലുള്ള കച്ചേരിയില്‍, കച്ചേരിക്കുന്ന് എന്നീ പേരുകള്‍ പഴയകാല അധികാരികളുടെ ആസ്ഥാനങ്ങളെ സൂചിപ്പിക്കുന്നവയാണ്.  20-ാം നൂറ്റാണ്ടിന്റെ ആരംഭ വര്‍ഷങ്ങളില്‍ വില്ലേജ് കച്ചേരി എന്ന പേരില്‍ ഒരു സര്‍ക്കാര്‍ ആപ്പീസ് കൂട്ടാക്കില്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്നു. ഈ ആപ്പീസ് നിലനിന്നിരുന്ന സ്ഥലം  പിന്നീട് കച്ചേരിമുക്ക് എന്ന പേരില്‍ അറിയപ്പെട്ടു. വില്ലേജ് ഭരണത്തലവന്‍ അധികാരി (പാര്‍വത്യക്കാര്‍) എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പരിമിതമായ തോതിലാണെങ്കിലും റവന്യൂ ഭരണത്തോടൊപ്പം നീതി നിര്‍വ്വഹണവും നിയമ പാലനവും  ഇവരുടെ അധികാര പരിധിയിലായിരുന്നു. അധികാരിമാര്‍, ഗ്രാമ മുന്‍സിഫ്, ഗ്രാമ മജിസ്ട്രേട്ട്, ജനനമരണ രജിസ്ട്രാര്‍, പൌണ്ട് കീപ്പര്‍ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെട്ടത് അവരുടെ വിപുലമായ അധികാരത്തെ കാണിക്കുന്നു. അധികാരം പാരമ്പര്യമായി കൈമാറി കൊടുക്കാറായിരുന്നു പതിവ്. 1955-ന് ശേഷം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഈ സമ്പ്രദായം അവസാനിച്ചു.
വിദ്യാഭ്യാസ ചരിത്രം

ജനസംഖ്യയുടെ 80% വരുന്ന മുസ്ളീമുകളുടെ വിശ്വാസപ്രകാരം മതപഠനം നിര്‍ബന്ധമായിരുന്നു. സ്രാമ്പികള്‍ എന്നറിയപ്പെട്ടിരുന്ന ഓത്തുപള്ളികള്‍ അക്കാലത്തെ ഏകാധ്യാപക  വിദ്യാലയങ്ങളായിരുന്നു. എഴുത്തച്ഛന്‍മാരുടെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം നടന്നിരുന്നതായി പറയപ്പെടുന്നു. 1930-40 കാലഘട്ടത്തില്‍ കോഴിക്കോട് മാപ്പിള റെയിഞ്ചിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന അബ്ദുല്‍ ഗഫൂര്‍ ഷാ സാഹിബ് മലബാര്‍ മുസ്ളീങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച ഒരു വ്യക്തിയായിരുന്നു. ഓത്തു പള്ളികളില്‍ നിരന്തര സന്ദര്‍ശനം നടത്തി ഉസ്താദുമാരെയും നാട്ടുകാരണവന്‍മാരെയും ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തിയതിന്റെ ഫലമായി നിരവധി ഓത്തു പള്ളികള്‍ പ്രാഥമിക വിദ്യാലയങ്ങളായി മാറിയിട്ടുണ്ട്. ഇങ്ങനെ മാറിയ വിദ്യാലയങ്ങളിലെ ഉസ്താദുമാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ മൊല്ല ട്രെയിനിംഗ് എന്ന പേരില്‍ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. ഇക്കാരണത്താലാണ് പഞ്ചായത്തിലെ പന്ത്രണ്ട് സ്ക്കൂളുകളില്‍ ഒമ്പത് എണ്ണവും  മുസ്ലീം മാനേജ്മെന്റുകളുടെ കീഴിലായത്. ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും അവരെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനും ഓത്തു പള്ളികളിലെ ഉസ്താദുമാര്‍ വലിയ പങ്കു വഹിച്ചിരുന്നു. സ്കൂളുകള്‍ സ്ഥാപിക്കുകയും ഭൌതിക വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തവരില്‍ സ്മരിക്കപ്പെടേണ്ട രണ്ട് വ്യക്തിത്വങ്ങളാണ് കുറുന്താറ്റില്‍ അബൂബക്കര്‍ മുസലിയാരും, മന്നത്ത് ചെറുമോന്‍ മുസലിയാര്‍ എന്ന അഹമ്മദ് മുസലിയാരും. പഞ്ചായത്തില്‍ ആദ്യമായി ഔപചാരിക തലത്തില്‍ ആരംഭിച്ചത് ഇപ്പോഴത്തെ എളേറ്റില്‍ ജി.എം.യു.പി സ്കൂളാണ്. 1900-ാമാണ്ടില്‍ ലോവര്‍ എലിമെന്ററി സ്കൂളായി താലൂക്ക് ബോര്‍ഡിന്റെയും, പിന്നീട് ഡിസ്ട്രിക്ട് ബോര്‍ഡിന്റേയും കീഴിലായിരുന്ന ഈ സ്കൂള്‍ 1958-ലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായത്. ഈ പ്രദേശത്തെ ആദ്യ ഹൈസ്കൂള്‍ 1979-ല്‍ സി.എച്ച്.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കേ സ്ഥാപിതമായ എളേറ്റില്‍ മുഹമ്മദലി ജൌഹര്‍ ഹൈസ്ക്കൂള്‍ ആണ്.
ഗതാഗത ചരിത്രം

ഗതാഗതരംഗത്ത് കിഴക്കോത്ത് പഞ്ചായത്തിന്റെ ചരിത്രം 1920 കളോട് ബന്ധപ്പെട്ടു കിടക്കുന്നു. 1926-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച നരിക്കുനി പൂനൂര്‍ റോഡിലെ കാഞ്ഞിരമുക്കു മുതല്‍ കാന്തപുരം വരെയുള്ള ഭാഗമാണ് കിഴക്കോത്ത് പഞ്ചായത്തിലെ പ്രഥമ റോഡ്. 1940 കളിലാണ് നെല്ലാങ്കണ്ടി-എളേറ്റില്‍ ഊട് വഴി റോഡിന്റെ രൂപം പ്രാപിച്ചത്.  എഴുപതുകളിലും അതിനു മുമ്പും കോഴിക്കോട് നിന്നും എളേറ്റില്‍ ഭാഗത്തേക്ക് പലചരക്ക്, പച്ചക്കറി, മല്‍സ്യം എന്നിവ കൊണ്ടുവന്നിരുന്നത് ഈ റോഡു വഴി ചുമടുകളിലായിരുന്നു. അമ്പതുകളിലും സമീപ കാലങ്ങളിലുമായാണ് പുന്നശ്ശേരി-പരപ്പന്‍ പൊയില്‍, ആരാമ്പ്രം-  കാഞ്ഞിരമുക്കു റോഡുകള്‍ നിലവില്‍ വന്നത്. അതിനുശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറേയേറെ മണ്‍റോഡുകള്‍ നിര്‍മ്മിക്കപ്പെടുകയുണ്ടായി. സേവനസന്നദ്ധരായ ഒരു കൂട്ടം ജനങ്ങളുടെ തീവ്രയത്നത്തിന്റെ പരിണിത ഫലമാണ് നാമിന്നനുഭവിക്കുന്ന യാത്രാസൌകര്യങ്ങള്‍.
സാംസ്ക്കാരിക ചരിത്രം

എളിയ ആര്‍ ഒഴുകുന്ന എളേറ്റില്‍ അംശവും, കിഴക്കോത്ത് അംശവും ഉള്‍ക്കൊള്ളുന്ന കിഴക്കോത്ത് പഞ്ചായത്തിലെ ജനത മതസൌഹാര്‍ദ്ദവും എളിമയും കളിയാടുന്ന സംസ്കാരത്തിന്റെ ഉടമകളാണ്. ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍ക്കൊള്ളുന്ന ഭൂരിപക്ഷം പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന ഈ ഗ്രാമം വിദ്യാഭ്യാസപരമായി പിന്നിലായിരുന്നുവെങ്കിലും സാംസ്കാരികമായി സാമാന്യ നിലവാരം പുലര്‍ത്തിയിരുന്നു. മതസൌഹാര്‍ദ്ദവും സഹകരണവും നിറഞ്ഞുനില്‍ക്കുന്ന ഒരാഘോഷമായിരുന്നു ആവുപ്പാട് നേര്‍ച്ച. 1970-കളില്‍ ഈ ആണ്ട് നേര്‍ച്ച ഒരു മഹാ ആഘോഷമായിരുന്നു. ആവുപ്പാട്ട് വയലിലെ ഒരു ഹെക്ടറോളം സ്ഥലത്ത് നിര്‍മ്മിച്ച വിശാലമായ പന്തലിനകത്ത് ഒരാഴ്ചക്കാലം നീണ്ട് നിന്നിരുന്ന അന്നദാന പരിപാടിയില്‍ ദിനംപ്രതി 65 ചാക്കോളം അരിയും നേര്‍ച്ചയായി ലഭിച്ചിരുന്ന ആയിരക്കണക്കിന് കോഴികളും ഉപയോഗിച്ചാണ് നാനാദേശത്ത് നിന്നും എത്തിച്ചേര്‍ന്നിരുന്ന വിവിധ ജാതിമതസ്ഥരായ ആളുകളെ സല്‍ക്കരിച്ചിരുന്നത്. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പുരാതനമായ മുസ്ലീം ആരാധനാലയമാണ് കിഴക്കോത്ത് ജുമു അത്ത് പളളി. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഹൈന്ദവക്ഷേത്രമാണ് കുന്നത്ത് ശിവക്ഷേത്രം. എഴുപതുകളുടെ ആദ്യപകുതിയില്‍ സാഘോഷം  കൊണ്ടാടിയിരുന്ന കാര്‍ഷികോത്സവമാണ് ചെറ്റക്കടവ് കന്നുകാലിചന്ത.